'ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭയാനകമായ ചാര ഉപകരണമാണ് ഫെയ്‌സ്ബുക്ക്'. വിശാലമായ ഫെയ്‌സ്ബുക്ക് രാജ്യത്തെ വിനീതരായ കോടാനുകോടി പ്രജകള്‍ പ്രകോപിതരാവാന്‍ വരട്ടെ.
ഇത് പറഞ്ഞത് ഞാനോ നിങ്ങളോ അല്ല.
വിക്കിലീക്‌സിലൂടെ ലോകത്തെ ഞെട്ടിക്കുന്ന രഹസ്യവെളിപ്പെടുത്തലുകളുടെ രാജാവായി മാറിയ ജൂലിയന്‍ അസാന്‍ജാണ് ഇത് പറഞ്ഞത്. റഷ്യന്‍ ന്യൂസ്ചാനലായ 'റഷ്യ ടുഡേ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാവുന്ന ഞെട്ടിക്കുന്ന ഈ പ്രസ്താവന അസാന്‍ജ് നടത്തിയത്.
നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഓരോ സുഹൃത്തിനെ പുതുതായി ചേര്‍ക്കുമ്പോഴും പുതിയ പോസ്റ്റുകള്‍ ചെയ്യുമ്പോഴും യു. എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി കൂലിയില്ലാതെ ചാരപ്പണി നടത്തുകയാണ് നിങ്ങളോരോരുത്തരും- ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ 'ലോകത്തിലേറ്റവുമധികം ജനസംഖ്യ'യുള്ള ഫെയ്‌സ്ബുക്കെന്ന സൈബര്‍ രാജ്യത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അസാന്‍ജ് പറഞ്ഞു. 'സ്വന്തം രാജ്യത്തെയും ഇതര രാജ്യങ്ങളിലെയും പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഏജന്‍സിയാണ് അമേരിക്കയ്ക്ക് ഫെയ്‌സ്ബുക്ക്'
ലോകത്തെ ഏറ്റവും സമഗ്രമായ വിവരശേഖരമാണ് ഇന്ന് ഫെയ്‌സ്ബുക്കിന്റേത്. ലോകത്തെമ്പാടുമുള്ള വ്യക്തികള്‍, അവരുടെ പേര്, മേല്‍വിലാസം, സ്ഥലം, ബന്ധങ്ങള്‍, അവര്‍ പരസ്പരവും മറ്റുള്ളവരുമായും നടത്തുന്ന ആശയവിനിമയം തുടങ്ങിയ വിവരങ്ങളെല്ലാമടങ്ങിയ ഫെയ്‌സ്ബുക്കിന്റെ ആസ്ഥാനം അമേരിക്കയാണ്. അതുകൊണ്ടുതന്നെ ഇത്തരം വിവരങ്ങള്‍ മുഴുവന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് എളുപ്പം എത്തിപ്പിടിക്കാവുന്നതുമാണ്.
ഫെയ്‌സ്ബുക്ക് മാത്രമല്ല, ഗൂഗിളും യാഹൂവും അടക്കം അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതികസ്ഥാപനങ്ങളുടെയും കൈവശമുള്ള വന്‍ വിവരശേഖരം യു എസ് രഹസ്യന്വേഷണ ഏജന്‍സികളുടെ വിളിപ്പുറത്താണ്.' അവയിലൊക്കെ തന്നെയും ഏജന്‍സികള്‍ക്ക് ഇടപെടലുമുണ്ട്- വിഷയത്തിന്റെ ഗൗരവത്തിലേക്ക് അസാന്‍ജ് വിരല്‍ ചൂണ്ടുന്നു.
ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള യു എസ് താല്‍പര്യത്തിന് അനുഗുണമായി പ്രവര്‍ത്തിക്കുന്നവയാണ് ഇത്തരം കമ്പനികളെല്ലാം തന്നെ. ഫെയ്‌സ്ബുക്ക് യു എസ് ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്നല്ല താന്‍ പറയുന്നതെന്നും, യു എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ, നിയമ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വിവരങ്ങള്‍ വെളിപ്പെടുത്താവുന്ന നിലയാണ് അതിനുള്ളതെന്നാണ് താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് മുഴുവനുമുള്ള ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍ ഒരു ഏജന്‍സിക്കും കഴിയില്ല, അതസാധ്യമാണ് എന്ന് മാത്രമല്ല വളരെ ചെലവേറിയതുമാണ്. എന്നാല്‍ ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മാ സൈറ്റുകള്‍ നിലവില്‍ വന്നതോടെ അത് നിഷ്പ്രയാസം കഴിയുന്ന നിലയായി.
ഐ. ഒ. എസ്. സംവിധാനമുള്ള ഉപകരണങ്ങള്‍, വിന്‍ഡോസ് ഫോണ്‍ 7, ആന്‍ഡ്രോയിഡ് മൊബൈലുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ശേഖരിക്കുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ അസാന്‍ജിന്റെ വെളിപ്പെടുത്തലിന് ഏറെ പ്രസ്‌ക്തിയുണ്ട്. ലൊക്കേഷന്‍ ട്രാക്കിങ് ശ്രമത്തിനെതിരെ ഇപ്പോള്‍ തന്നെ ചില ഉപയോക്താക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ നീക്കങ്ങളെ പിന്തുടരുകയല്ല, മികച്ച ട്രാഫിക് വിവരങ്ങള്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അതെന്നാണ് ഇതിന് മറുപടിയായ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് വ്യക്തമാക്കിയത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ വിവര കൈമാറ്റനയങ്ങള്‍ പരിശേധിക്കാന്‍ 2010 ല്‍ മൂന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ എഫ് ടി സിയോട് (ഫെഡറല്‍ ട്രേഡ് കമ്മീഷന്‍)ആവശ്യപ്പെട്ടിരുന്നു. ഫാംവില്ല പോലുള്ള ഫെയ്‌സ്ബുക്ക് ഗെയിമുകല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യ, ട്രാക്കിങ് കമ്പനികളുമായി പങ്കുവെക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, നിയമ വിരുദ്ധമായ ഒരു പ്രവര്‍ത്തനവും തങ്ങള്‍ നടത്തുന്നില്ലെന്നാണ് അസാന്‍ജിന്റെ വെളിപ്പെടുത്തലിന് പ്രതികരണായി ഫെയ്‌സ്ബുക്ക് വക്താവ് വ്യക്തമാക്കിയത്. ഒരു കമ്പനി അതിന്റെ കൈവശമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളെ അമേരിക്കന്‍ നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും, സമ്മര്‍ദത്തിന് വഴങ്ങി വിവരങ്ങള്‍ കൈമാറില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇന്നുവരെ സമ്മര്‍ദത്തിന്റെ ഫലമായി വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.
എങ്കിലും അസാന്‍ജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ വ്യക്തി വിവരങ്ങള്‍ കൈമാറാനുള്ള സാധ്യതയെ ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.
വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേല്‍ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ഫെയ്‌സ്ബുക്ക് അഡിക്ടുകള്‍ക്കുള്ള മുന്നറിയിപ്പാണ് അസാന്‍ജിന്റെ വെളിപ്പെടുത്തലെന്ന് വിലയിരുത്തപ്പെടുന്നു. ലൈംഗികപീഢന കേസില്‍ സ്വീഡനില്‍ വിചാരണ നേരിടുന്ന അസാന്‍ജ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കഴിയുകയാണ്.
No comments:
Post a Comment